പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയുടെ ഇടുക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബു വീണ്ടും കുരുക്കില്‍. ബാബുവിനെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനാണ് കേസെടുക്കുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസ് എടുക്കുക.
കുറ്റം തെളിഞ്ഞാല്‍ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമായിരിക്കും കേസെടുക്കുക. വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിന്റെ മൊഴി രേഖപ്പെടുത്തും. ബാബുവിനൊപ്പം മലകയറിയ സുഹൃത്തുക്കള്‍ക്കെതിരെയും കേസ് ഉണ്ടായേക്കാം.
ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ പറഞ്ഞു. ആന്തരികക്ഷതമോ ചതവോ ഇല്ല. ആശുപത്രിവിടുന്നകാര്യം ഇന്ന് അറിയാനാകും. ബാബു ഇപ്പോള്‍ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു. മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു പറഞ്ഞതായി ഉമ്മ റഷീദ അറിയിച്ചു. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാര്‍ മല കയറ്റം നിര്‍ത്തിയെങ്കിലും താന്‍ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാന്‍ നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളും മലമ്പുഴ ചെറാട് കൂമ്പാച്ചിമല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി പാറയിടുക്കിലേക്കു വീഴുകയായിരുന്നു. ഇന്നലെ രാവിലെ പത്തേകാലോടെ മലയിടുക്കിലേക്കു വടംകെട്ടിയിറങ്ങിയ സൈനികര്‍ ബാബുവിനെ അതിസാഹസികമായി മലമുകളിലെത്തിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കഞ്ചിക്കോട്ടേക്കും അവിടെനിന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചു.