വയനാട്: വയനാട് മേപ്പാടിയില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പിടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. അവശനിലയില്‍ തുമ്പിക്കൈ നിലത്ത് കുത്തി നില്‍ക്കുകയായിരുന്നു ആന. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെനേരം പരിശ്രമിച്ചാണ് ആനയെ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ മേപ്പാടി ഏലമലയില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താനെത്തിയ വനപാലക സംഘമാണ് ഈ കാഴ്ച്ച കണ്ടത്. തുടര്‍ന്ന് രക്ഷാനടപടികള്‍ ആരംഭിക്കുകയായിരുന്നു.മരങ്ങള്‍ക്കിടയില്‍ മുന്‍ കാലുകള്‍ കുടുങ്ങി വേദന കൊണ്ട് തുമ്ബിക്കൈ നിലത്ത് കുത്തി നില്‍ക്കുകയായിരുന്നു പിടിയാന.
അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണെന്ന് വ്യക്തമായി. പിന്നീട് ഏറെ പരിശ്രമിച്ച് മരം മുറിച്ചുമാറ്റിയാണ് കാലുകള്‍ പുറത്തെടുത്തത്. കുടുക്കില്‍ നിന്ന് രക്ഷപ്പെട്ട ആന അല്‍പ്പസമയം കൂടി ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചെങ്കിലും പിന്നീട് കാട് കയറി.
ഇന്നലെ തൊഴിലാളികളെ ആക്രമിച്ച കാട്ടുകൊമ്പന്‍ മരത്തിനിടയില്‍ കുടുങ്ങിയ പിടിയാനയ്ക്ക് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ തൊഴിലാളി സ്ത്രീ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇവരുടെ ചികിത്സാ ചെലവ് ഏറ്റെടുത്തതായും വനംവകുപ്പ് അറിയിച്ചു.