സെക്രട്ടേറിയറ്റിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തീപിടുത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇവ തീപിടുത്തത്തിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല. തീപിടുത്ത കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചനയുണ്ട്. കൊച്ചിയിലോ ബംഗളൂരുവിലോ ഡല്‍ഹിയിലോ ആയിരിക്കും പരിശോധന നടക്കുക.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News