കൈയും കാലും ഒടിക്കും, ശിരസ്സ് തകര്‍ക്കും, ശ്മശാനത്തിലേക്ക് പോകേണ്ടിവരും; ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഭീഷണി. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ കൈയും കാലും ഒടിയാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാമെന്നും ദിലീപ് ഭീഷണിമുഴക്കി. ഹാല്‍ദിയയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ഘോഷ്.
‘ദീദിയുടെ സഹോദരന്മാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയും. ശിരസ്സ് തകരും. നിങ്ങള്‍ ആശുപത്രിയിലേക്ക് പോകേണ്ടിവരും. പ്രശ്‌നങ്ങള്‍ അവിടെയും നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും.’ – ഘോഷ് പറഞ്ഞു.
ബംഗാളില്‍ തന്റെ പാര്‍ട്ടി ജനാധിപത്യം പുനസ്ഥാപിക്കുമെന്നും ദിലീപ് പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് തനിക്ക് ഉറപ്പുതരാന്‍ സാധിക്കുമെന്ന് പറഞ്ഞ ഘോഷ്, ജനങ്ങള്‍ക്ക് ഒരുഭയവും ഇല്ലാതെ ജനാധിപത്യ അവകാശങ്ങള്‍ അനുഭവിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ദീദിയുടെ പോലീസിന് കീഴിലല്ല, മറിച്ച് ദാദയുടെ പോലീസാകും നടത്തുകയെന്ന് ഘോഷ് പറഞ്ഞു. കാക്കി ധരിച്ച പോലീസിന് ബൂത്തിന് നൂറ് മീറ്റര്‍ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണേണ്ടിവരുമെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പരാമര്‍ശത്തെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ഘോഷ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.