പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ വിദേശ വനിത ഇടിച്ച് നിരപ്പാക്കി പോലീസില്‍ ഏല്‍പ്പിച്ചു

തിരുവണ്ണാമല: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ വിദേശ വനിത ഇടിച്ചു നിരത്തിയ ശേഷം പോലീസില്‍ ഏല്‍പിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ച് ക്ഷേത്രത്തിന് സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠനാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആയോധന കലയില്‍ വിദഗ്ധയായ യുവതി മണികണ്ഠനെ മര്‍ദിച്ചവശനാക്കിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് അമേരിക്കന്‍ പൗരയായ യുവതി തിരുവണ്ണാമലയില്‍ എത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതായി. ആത്മീയതയില്‍ താത്പര്യമുള്ള യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വാടക വീടിനുളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ആയിരുന്നു മണികണ്ഠന്റെ ശ്രമം. തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു. യുവതിയുടെ പ്രത്യാക്രമണത്തില്‍ സാരമായി പരുക്കേറ്റ മണികണ്ഠനെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്ഠനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News