കൊണെക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരന്നു അനിഷ്ട സംഭവങ്ങള്‍. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിട്ടു.
2021-ല്‍ നിലവിലെ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികന്‍ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമിത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നത്. പ്രസിഡന്റായശേഷം സ്വന്തം കഴിഞ്ഞ ജനുവരിയില്‍ ലഫ്റ്റ്‌നന്റ് ജനറാലും ഇക്കഴിഞ്ഞ മാസം ആര്‍മി ജനറലായും സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇതിനുശേഷം വിമതരെ ശക്തമായി അടിച്ചമര്‍ത്തവരികയുമായിരുന്നു. ഇതിനിടെയായിരുന്നു ദുരന്തം.