കോഴിക്കോട്ടേക്ക് കർണാടകയുടെ സ്ലീപ്പർ സർവീസ് ആറിന് തുടങ്ങും,കോട്ടയത്തേക്ക് ഉടൻ;നിരക്ക് ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി. സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ആറിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും. മാനന്തവാടി വഴിയാണ് സർവീസ്. 950 രൂപയാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്ക് കൂടും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കോഴിക്കോേട്ടക്ക് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.

സമയക്രമം ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ദിവസവും രാത്രി 8.45-ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.45-ന് കോഴിക്കോട് സ്റ്റാൻഡിലെത്തും. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് (രാത്രി 9.15), രാജരാജേശ്വരിനഗർ (9.20), കെങ്കേരി ടി.ടി.എം.സി. (9.30) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മാനന്തവാടിയിൽ പുലർച്ചെ 3.15-നും കല്പറ്റയിൽ പുലർച്ചെ നാലിനും എത്തും. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് രാത്രി 9.15-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.25-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിലെത്തും. 9.55-ന് താമരശ്ശേരിയിലും 11.25-ന് കല്പറ്റയിലും എത്തും.

കോട്ടയത്തേക്കും സ്ലീപ്പർ കോട്ടയത്തേക്കും നോൺ എ.സി. സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർ.ടി.സി. ഒരുങ്ങുന്നു. പല്ലക്കി ബസുകളായിരിക്കും സർവീസ് നടത്തുന്നത്. അന്തിമാനുമതിക്കായി കാക്കുകയാണെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

പ്രത്യേക സർവീസ് ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഇതുവരെ 12 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഈ ബസുകളിലും ടിക്കറ്റ് വേഗം വിറ്റഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News