മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിന്റെ കോമ്പൗണ്ടിലാണ് അപകടം നടന്നത്.
മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ ഭാര്യ തേജസ്വിയുടെ കാറില്‍ കാംബ്ലിയുടെ കാര്‍ ഇടിക്കുകയായിരുന്നു.
തേജസ്വിയുടെ കാറില്‍ ഇടിച്ചതിനു ശേഷം സമീപത്തെ മതിലില്‍ ഇടിച്ചാണ് കാംബ്ലിയുടെ കാര്‍ നിന്നത്. അപകടത്തിന് ശേഷം അപ്പാര്‍ട്ട്മെന്റിന്റെ വാച്ച്മാനുമായും ചില താമസക്കാരുമായും അദ്ദേഹം വാക്കേറ്റമുണ്ടാക്കി. തുടര്‍ന്ന് പോലീസ് എത്തി കാംബ്ലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്നു ജാമ്യത്തില്‍ വിട്ടു.
17 ടെസ്റ്റുകള്‍ കളിച്ച കാംബ്ലി 4 സെഞ്ചുറികളടക്കം 1084 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 104 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 2 സെഞ്ചുറികളടക്കം 2477 റണ്‍സ് അടിച്ചെടുത്തു. 1991ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. നേരത്തേയും നിരവധി വിവാദങ്ങളും ഈ കായിക താരത്തിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാംബ്ലി സൈബര്‍ തട്ടിപ്പിനും ഇരയായിരുന്നു. ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് 1.14 ലക്ഷം രൂപ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഡിസംബര്‍ മൂന്നിന് കാംബ്ലി ബാന്ദ്ര പോലീസിനെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.