32.3 C
Kottayam
Thursday, May 2, 2024

നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’; കെപിസിസി ആസ്ഥാനത്ത് തരൂർ അനുകൂല ഫ്ളക്സ്

Must read

തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയതിന്റെയും ചെന്നിത്തലയടക്കമുള്ള നേതാക്കൾ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ലക്സ് ബോർഡ് കെപിസിസി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 

ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ. 

കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.

നാല് നാള്‍ കൂടിയാണ് ഇനി കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ളത്. അതേ സമയം, നേതാക്കൾ ചട്ടലംഘനം നടത്തിയെന്ന ശശി തരൂരിൻറെ പരാതികളിൽ ഉടൻ നടപടിയില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പിസിസി അദ്ധ്യക്ഷൻമാർക്കെതിരെ നടപടി ഉണ്ടാവില്ല. ഖർഗയെ നേതൃത്വം പരസ്യമായി പിന്തുണച്ചില്ലെന്നാണ് ഇതിന്മേലുള്ള വിശദീകരണം. തരൂരിനെ പിന്തുണച്ചവരിലും പാർട്ടി സ്ഥാനങ്ങൾ ഉള്ളവരുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ അതേ സമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ അധ്യക്ഷനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. ശശി തരൂര്‍ സ്വന്തം ഇഷ്ടപ്രകാരം മത്സരിക്കുന്നതാണെന്നും ഗാന്ധി കുടുംബം ആരോടും മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഖര്‍ഗെയെ പിന്തുണക്കുന്നതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ ട്രോളുന്നത് സിപിഎം -ബിജെപി പ്രവര്‍ത്തകരാണെന്നാണ് ചെന്നിത്തല പറഞ്ഞു.

നാല് നാൾ മാത്രം ബാക്കി നിൽക്കെ, പരമാവധി സംസ്ഥാനങ്ങളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെയും തരൂരും. ദില്ലി പിസിസി ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് വോട്ട് നേടി തരൂരെത്തും. വൈകുന്നേരം തരൂര്‍ രചിച്ച  ബി ആര്‍ അംബേദ്കറിന്‍റെ ജീവചരിത്ര പുസ്തകത്തിന്‍റെ പ്രകാശനവും ദില്ലിയില്‍ നടക്കും. ഖർഗെ കഴിഞ്ഞ ദിവസം ദില്ലിയിൽ പ്രചാരണം നടത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week