ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. ധരാവിയിലെ കോസി സെന്റര്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മുഹമ്മദ് ഹുസൈഫ സര്‍ഫ്രാസ് ഷെയ്ഖ് ആണ് മരിച്ചത്.

കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഞ്ച് വയസുകാരനും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച രണ്ടു സഹോദരിമാര്‍ക്കൊപ്പം കളിക്കവേ മുകളിലത്തെ നിലയിലേക്ക് പോകാന്‍ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് നിര്‍ത്തിയപ്പോള്‍ ഉള്ളില്‍ കടക്കുകയും മുകളിലേ നിലയിലേക്ക് പോകാനുള്ള ബട്ടണ്‍ അമര്‍ത്തുകയും ചെയ്തു. എന്നാല്‍ ലിഫ്റ്റിന്റെ വാതില്‍ ശരിയായി അടച്ചിരുന്നില്ല. ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ ലിഫ്റ്റിന്റെ പുറത്തേക്ക് ചാടിയിറങ്ങി.

എന്നാല്‍ അഞ്ച് വയസുകാരന്‍ ഗ്രില്ലിനും ലിഫ്റ്റിന്റെ സുരക്ഷാ വാതിലുമിടയില്‍ കുടുങ്ങുകയായിരുന്നു. ബട്ടണ്‍ അമര്‍ത്തിയിരുന്നതിനാല്‍ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും കുട്ടി താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി.

45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിയുടെ അമ്മ വിവരം അറിയുന്നതെന്നും സാഹു നഗര്‍ പോലീസ് ഇന്‍പെക്ടര്‍ വിലാസ് ഗംഗവാനെ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് എഡിആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News