തൃശൂര്‍: അതിരപ്പിള്ളി കണ്ണംകുഴിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടതില്‍ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. അതിരപ്പിള്ളി വെറ്റിലപറ പതിമൂന്നിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നത്.
രാവിലെ ആറ് മണി മുതല്‍ ഉപരോധ സമരം ആരംഭിച്ചു. ഉപരോധ സമരത്തിന്റെ തുടക്കത്തില്‍ ഗതഗാതം പൂര്‍ണമായും തടസപ്പെട്ടു. പിന്നീട് ബസുകള്‍ കടത്തി വിട്ടു. സമരം തുടരുകയാണ്അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് കഴിഞ്ഞ ദിവസം അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്‌നിമിയ ആണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ നിഖിലിനും ബന്ധുവിനും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനയെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി.
ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി.ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ ജയനും പരിക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.