സംസ്ഥാനത്ത് ഇന്ന് അഞ്ചു കൊവിഡ് മരണം; മൂന്നെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72 വയസായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസം കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണം. 58 വയസുകാരനായ മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ച രണ്ടാമന്‍. ഇദ്ദേഹം ശ്വാസകോശത്തില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 71 വയസുകാരനായ മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിന്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കേ മരിച്ചു. ഹൃദയ , വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

കലഞ്ഞൂര്‍ സ്വദേശി രാമകൃഷ്ണപിള്ളയാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News