ഒന്നിനു പിന്നാലെ അഞ്ച് പൂച്ചകള്‍ ചത്തുവീണു! അയല്‍വാസിക്കെതിരെ കേസ്; മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം

കോഴിക്കോട്: ദിവസങ്ങള്‍ക്കിടയില്‍ അഞ്ചു പൂച്ചകള്‍ ഒന്നിനു പിറകെ ഒന്നായി ചത്ത സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു. വളര്‍ത്തുപൂച്ചകളുടെ കൂട്ടമരണത്തെ തുടര്‍ന്ന് വീട്ടമ്മയാണ് അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് മുണ്ടിക്കല്‍താഴത്താണ് സംഭവമുണ്ടായത്.

ഹേന എന്ന വീട്ടമ്മയുടെ അരുമകളായ അഞ്ച് പൂച്ചകളാണ് അടുത്തവീട്ടില്‍ നിന്നു തിരിച്ചെത്തിയതിന് പിന്നാലെ ചത്തത്. ആദ്യത്തെ പൂച്ച കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും മനസിലാക്കിയത്. നാലാമത്തെ പൂച്ചയും ചത്തതോടെയാണ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഫെബ്രുവരി ഒന്നിനു രാത്രി പത്തുമണിയോടെ അയല്‍വീട്ടില്‍ നിന്ന് മതില്‍ചാടി തിരിച്ചെത്തിയ കറുത്ത പൂച്ച മുറ്റത്ത് പിടഞ്ഞുചത്തു. തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികള്‍കൂടി തിരിച്ചെത്തി. അടുത്തദിവസം രാവിലെയോടെ ബ്രൗണ്‍നിറത്തിലുള്ള പൂച്ചയും മകന്റെ മുറിയില്‍ കിടന്നിരുന്ന വെള്ളപ്പൂച്ചയും വായില്‍ നിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയുടെ അന്ത്യം. അഞ്ചാമത്തെ പൂച്ച അയല്‍ക്കാരന്റെ വീട്ടില്‍ത്തന്നെ ചത്തതിനെത്തുടര്‍ന്ന് അവര്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു.

പൂച്ചശല്യം കൂടുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ വിഷംകൊടുത്തു കൊല്ലുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ പറഞ്ഞു. ആദ്യത്തെ പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളില്‍ച്ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്നറിയാന്‍ കഴിഞ്ഞത്. മറ്റെല്ലാ പൂച്ചകളെയും കുഴിച്ചുമൂടിയതിനാല്‍ നാലാമത്തെ പൂച്ചയുടെ ജഡമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News