കൊല്ലം: ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു.
കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത് പുഴുവരിച്ച മത്സ്യങ്ങള്‍. കന്നേറ്റിപാലത്തിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന കടയില്‍ നിന്നു ചൂരയും, പുതിയകാവില്‍ നിന്ന് കരിമീനുമാണ് പിടികൂടിയത്.
തിരുവനന്തപുരം പാളയം മീന്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലും പുഴുവരിച്ച മത്സ്യം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ചയിലേറെ പഴക്കുള്ള മീനുകളാണ് പാളയം മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തത്. വില്‍പനക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനിടെ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച മിന്നല്‍ പരിശോധന നടത്തിയത്.
ട്രോളിംഗ് കാലത്ത് മത്സ്യ ലഭ്യത കുറവായതിനാല്‍ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മീന്‍ കയറ്റി അയയ്ക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് റെയില്‍മാര്‍ഗമെത്തിച്ച മത്സ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് പിടികൂടിയിരുന്നു.