ചെന്നൈ:സിനിമാ രംഗത്ത് എപ്പോഴും ചർച്ചയാകുന്നതാണ് നടൻ കമൽ ഹാസന്റെ ജീവിതം. സകലകലാവല്ലഭനായി കരിയറിൽ അറിയപ്പെടുന്ന കമൽ ഹാസൻ ജീവിതത്തിൽ പലപ്പോഴും പങ്കാളികളുടെ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്തരിച്ച നടി ശ്രീവിദ്യ മുതൽ ഗൗതമി വരെ നീളുന്നതാണ് കമൽ ഹാസന്റെ കാമുകിമാർ. വാണി ഗണപതി, സരിക എന്നിവരെ നടൻ വിവാഹം കഴിച്ചെങ്കിലും ഈ വിവാഹ ബന്ധത്തിനും അധികം ആയുസ് ഉണ്ടായില്ല. സരികയിൽ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് മക്കൾ കമൽ ഹാസനുണ്ട്.
ക്ലാസിക്കൽ ഡാൻസറായ വാണി ഗണപതിയാണ് കമലിന്റെ ആദ്യ ഭാര്യ. 1978 ലാണ് വിവാഹം നടന്നത്. 1988 ൽ ഈ ബന്ധം അവസാനിച്ചു. ഇതിന് ശേഷമാണ് സരികയെ നടൻ വിവാഹം ചെയ്യുന്നത്. വാണി സിനിമാ താരമല്ലാത്തതിനാൽ തന്നെ ഈ വിവാഹമോചനം വലിയ തോതിൽ ചർച്ചയായിരുന്നില്ല. എന്നാൽ ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഒരു ഘട്ടത്തിൽ വാർത്തയായി. 2015 ൽ വിവാഹമോചനത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്.
ഡിവോഴ്സിന് ശേഷം വാണിക്ക് ജീവനാംശം നൽകേണ്ടി വന്നത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കമൽ പറഞ്ഞു. ആരോപണത്തിനെതിരെ വാണി ഗണപതി രംഗത്ത് വന്നു. ഒരുമിച്ച് താമസിച്ച ഫ്ലാറ്റിലെ ചില സാധനങ്ങൾ പോലും തനിക്ക് തരാൻ കമൽ കൂട്ടാക്കിയില്ല. ഇങ്ങനെയാെരു പുരുഷനിൽ നിന്ന് ഞാൻ എന്താണ് പ്രതീക്ഷിക്കേണ്ടത്. ഒരാളെ പാപ്പരാക്കുന്ന വിധം ജീവനാശം നൽകേണ്ടി വരുന്നത് ഏത് നിയമവ്യവസ്ഥയിലാണുള്ളത്. അഭിമുഖം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരുപക്ഷെ വിവാഹബന്ധം അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ഈഗോയ്ക്ക് മുറിവേറ്റിരിക്കാം.
സാമ്പത്തിക പ്രതിസന്ധി മാത്രം പരാമർശിച്ച് അദ്ദേഹത്തിന് ഈ വിഷയത്തിൽ നിന്നും മാറാമായിരുന്നെന്നും വാണി ഗണപതി തുറന്നടിച്ചു. ഞങ്ങൾ വിവാഹമോചിതരായിട്ട് 28 വർഷങ്ങൾ കഴിഞ്ഞു. വളരെ വ്യക്തിപരമായ കാര്യമായതിനാൽ പൊതിവിടങ്ങളിൽ ഈ പ്രശ്നം കൊണ്ടു വരാൻ ഞാൻ തയ്യാറായിട്ടില്ല.
ഞങ്ങൾ രണ്ട് പേരും തങ്ങളുടേതായ ജീവിതവുമായി മുന്നോട്ട് നീങ്ങി. എന്തിനാണ് അദ്ദേഹം ആസക്തിയുള്ള ആളെ പോലെ പെരുമാറുന്നതെന്നും വാണി ഗണപതി ചോദിച്ചു. കമലിന്റെ സ്വഭാവത്തെയും അന്ന് വാണി ഗണപതി വിമർശിച്ചു. താൽപര്യമില്ലെങ്കിൽ ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നൽകില്ല. പുഞ്ചിരിച്ച് വിഷയങ്ങൾ ഒഴിവാക്കാൻ തന്റെ ചാരുത ഉപയോഗിക്കുന്നതിലും അദ്ദേഹം മിടുക്കനാണ്.
ഒരു പുസ്തകത്തിന്റെ ആദ്യത്തെയും അവസാനത്തെയും പേജ് മാത്രമേ വായിച്ചിട്ടുള്ളൂയെങ്കിലും അയാൾക്ക് ഏത് വിഷയത്തിലും സംസാരിക്കാൻ പറ്റും. ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കമലിന് അറിയാമെന്നും വാണി ഗണപതി അന്ന് തുറന്നടിച്ചു. വാണി ഗണപതിക്ക് ശേഷം സരികയുമായി വിവാഹ ജീവിതത്തിലേക്ക് കമൽ കടന്നെങ്കിലും ഈ വിവാഹ ബന്ധവും നിലനിന്നില്ല. 2004 ൽ സരികയും കമലും വേർപിരിഞ്ഞു.