ടൊവിനോ ഫാന്‍സ് അസോസിയേഷന്‍ അംഗീകരിച്ചത് ഈ ഉറപ്പിന്റെ പുറത്ത്,കയ്യടിച്ച് സോഷ്യല്‍മീഡിയ
കൊച്ചി:മലയാളത്തിലെ യുവനായകന്മാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. അവിടെ നിന്നുമാണ് ഇന്ന് കാണുന്ന മലയാളത്തിലെ തിരക്കുള്ള താരമൂല്യമുള്ള നായക നടനായി ടൊവിനോ തോമസ് മാറിയത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. സിനിമ സ്വപ്നങ്ങളുമായി പലർക്കും മികച്ച ഒരു റോൾ മോഡലുമാണ് താരം.
2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ അരങ്ങേറ്റം. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ശ്രദ്ധ നേടി കൊടുക്കുന്നത്. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ. തുടർന്ന് 2016ൽ പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ടൊവിനോ ആദ്യമായി നായകനാകുന്നത്. പിന്നീട് ടൊവിനോയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളത്തിലെ മുൻനിര താരമായി ഉയരുകയായിരുന്നു.
ഇന്ന് നിരവധി ആരാധകരും താരത്തിനുണ്ട്. വലിയൊരു ഫാൻസ് അസോസിയേഷനും. എന്നാൽ ചില യുവതാരങ്ങൾ സ്വീകരിക്കുന്നത് പോലെ ആദ്യം ഫാൻസ് അസോസിയേഷൻ വേണ്ട എന്ന നിലപാടെടുത്ത നടനായിരുന്നു ടൊവിനോ. പിന്നീടത് മാറ്റുകയായിരുന്നു. ഒരിക്കൽ ആ തീരുമാനം മാറ്റിയതിന്റെ കാരണം ടൊവിനോ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
‘ഫാൻസ് അസോസിയേഷൻ തുടങ്ങേണ്ട എന്നു തീരുമാനിച്ചിരുന്ന ഒരാളാണ് ഞാൻ. അതിന്റെ ആവശ്യം വരുന്നില്ല, എനിക്ക് അതില്ലാതേയും സിനിമകൾ ഉണ്ടല്ലോ എന്നാണ് വിചാരിച്ചിരുന്നത്. പലരും തുടങ്ങുന്ന കാര്യം ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്നാണ് പറഞ്ഞിരുന്നത്. എനിക്കു പല നല്ല നടന്മാരോടും ആരാധനയുണ്ട്. പക്ഷെ ഞാൻ ഒരു ഫാൻസ് അസോസിയേഷനിലും അംഗമല്ല. അതുകൊണ്ട് എനിക്കത് റിലേറ്റ് ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നില്ല’,
‘എന്നാൽ എനിക്ക് ഇപ്പോൾ ഒരു ഫാൻസ് അസോസിയേഷനുണ്ട്. ഒരുപാടു പേർ നിരന്തരമായി വിളിച്ചു ചോദിച്ചപ്പോൾ ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ അംഗീകരിക്കാമെങ്കിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിക്കോ എന്നു പറഞ്ഞു. അവരത് സമ്മതിച്ചത് കൊണ്ടാണ് ഫാൻസ് അസോസിയേഷൻ തുടങ്ങാൻ സമ്മതിച്ചത്’, ടൊവിനോ പറയുന്നു.
‘മറ്റു നടന്മാരെയോ അവരുടെ ഫാൻസിനെയോ കളിയാക്കാനോ മോശമാക്കാനോ എന്റെ പേര് ഉപയോഗിക്കരുതെന്നാണ് ആദ്യം പറഞ്ഞത്. എന്നെ സംബന്ധിച്ച് സിനിമയെന്നത് എന്റെ ജീവിതമാണ്, ജോലിയാണ്, ഉപജീവനമാർഗമാണ്, എല്ലാമാണ്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവനെ സംബന്ധിച്ച് സിനിമ എന്നത് ഒരു വിനോദോപാധി മാത്രമാണ്. അത്രയും പ്രാധാന്യമേ കൊടുക്കാവൂ’,
‘ആദ്യം കുടുംബം പിന്നെ കൂട്ടൂകാർ നാട്ടുകാർ ഒടുവിൽ സിനിമ. അത്ര പോലും പ്രാധാന്യം സിനിമയിലഭിനയിക്കുന്ന എനിക്ക് കൊടുക്കേണ്ട ആവശ്യമില്ല. ഇതൊക്കെ കഴിഞ്ഞ് സമയമുണ്ടെങ്കിൽ മാത്രമെ ഫാൻസ് അസോസിയേഷൻ പരിപാടികൾക്ക് നിൽക്കാൻ പാടുള്ളൂ എന്നു പറഞ്ഞതാണ് രണ്ടാമത്തെ കാര്യം’,
‘ചാരിറ്റി ഫാൻസ് അസോസിയേഷന്റെ പേരിൽ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അവർ ചെയ്യുന്നതിന്റെ പുണ്യം അവർക്കുള്ളതല്ലേ എനിക്കുള്ളതല്ലല്ലോ. എന്തിനാണ് ഫാൻസ് അസോസിയേഷൻ എന്ന് അവരോട് ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. ഒരേ ഇഷ്ടങ്ങളുള്ളവർക്ക് ഒന്നിച്ചു കൂടാനും ഒരുമിച്ച് സിനിമ കാണാനും സന്തോഷം പങ്കുവയ്ക്കാനുമാണെന്നാണ് അവർ പറയുന്നത്. അപ്പോൾ അതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും എന്റെ പേരിൽ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ തന്നെയാണ് അവർ മുന്നോട്ടു പോകുന്നതും’, ടൊവിനോ തോമസ് പറഞ്ഞു.
അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അന്വേഷിപ്പിൻ കണ്ടെത്തും, നടികർ തിലകം, ഐഡന്റിറ്റി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും അണിയറയിൽ ഉണ്ട്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.