തിരുവനന്തപുരത്തെ കന്നി വോട്ടര്‍ സാന്ദ്രയ്ക്ക് 18 വോട്ട്! ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ കന്നി വോട്ടറായ സാന്ദ്ര എസ് പെരേര എന്ന കുട്ടിക്ക് 18 തവണ വോട്ട് ചെയ്യാം. 18 വോട്ടുകളും ചേര്‍ക്കപ്പെട്ടിരിക്കുന്നത് ഒരേ മണ്ഡലത്തില്‍ തന്നെയെന്നതാണ് മറ്റൊരു വിചിത്രം. ഓണ്‍ലൈന്‍ വഴിയാണ് സാന്ദ്ര വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ലഭിച്ചത് ഒരു തിരിച്ചറിയല്‍ കാര്‍ഡും.

പക്ഷേ, പ്രതിപക്ഷ നേതാവിന്റെ ആരോപണം വന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് സാന്ദ്രയുടെ പേര് 18 തവണ ചേര്‍ക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. ഒരേ പേരില്‍ ചിത്രവും മാറാതെയാണ് ഈ ഇരട്ടിപ്പ് എന്നതാണ് സംഭവം ഗുരുതരമാക്കുന്നത്. സാന്ദ്രയ്‌ക്കൊപ്പം സഹോദരിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇവുടെ പേരില്‍ ഇരട്ടിപ്പ് ഉണ്ടായിട്ടില്ല.

ഇരട്ടിപ്പ് വന്ന വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നു തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗുരുതര പിഴവ് കടന്നുകൂടിയിരിക്കുന്ന ഇത്തരം സാഹചര്യം കമ്മീഷന്‍ എങ്ങനെ മറികടക്കുമെന്നതാണ് സംശയം.

മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍ യുഡിഎഫിനായും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫിനായും സിനിമാതാരം കൃഷ്ണകുമാര്‍ ബിജെപിക്കായും മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News