26 C
Kottayam
Sunday, April 28, 2024

തണുപ്പകറ്റാൻ തീയിട്ടു, പുക ശ്വസിച്ച് സൗദിയിൽ ദാരുണാന്ത്യം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Must read

അബഹ • സൗദി അറേബ്യയിലെ ഖമീസ് മുഷയ്‌ത്തിൽ പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി സുഭാഷിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ചു. പത്തനംതിട്ട തെങ്ങമം സുഭാഷ് ഭവനിൽ ദേവൻ രോഹിണി ദമ്പതികളുടെ മകനാണ്. കൊടും തണുപ്പിൽ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയിൽ നിന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവർ വീസയിൽ എത്തിയ സുഭാഷ്‌ ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അസീർ പ്രവിശ്യയിൽ തണുപ്പുകാലം ആയതിനാൽ രാത്രികാലങ്ങളിൽ റൂമിൽ തീ കത്തിച്ച് തണുപ്പിൽനിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയിൽ തീ കത്തിച്ച് ഉറങ്ങി പോയി. ഇതിൽ നിന്നുണ്ടായ പുക ശ്വസിച്ച്‌ അദ്ദേഹം മരിക്കുകയായിരുന്നു. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തിൽ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും മൃതശരീരം നാട്ടിൽ എത്തിച്ചു തരാൻ അഭ്യർഥിച്ചതോടെ ഇന്ത്യൻ സോഷ്യൽ ഫോറം വിഷയത്തിൽ ഇടപെട്ടു.

ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീർ ചക്കുവള്ളിയുടെ പേരിൽ കുടുംബം പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തു. തുടർന്ന് സൗദിയിലെ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അസീർ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം അംഗങ്ങളായ നൗഷാദ് മമ്പാട്, ഹസൈനാർ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അൻസാരി ഏനാത്ത്, ഷാജി പഴകുളം, സമദ് മണ്ണടി, ഷാജു പഴകുളം എന്നിവർ ചേർന്ന് സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു മൃതദേഹം സംസ്കരിച്ചു. ഭാര്യ: റാണി (36), മക്കൾ: സൂര്യ പ്രിയ(12), സൂര്യനാരായണൻ (7).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week