മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിച്ച് മലയാളി മറൈൻ എൻജിനീയറടക്കം 3 പേർ മരിച്ചു. മുംബൈ ഹൈയിൽ ഒഎൻജിസിയുടെ പ്ലാന്റിലേക്കു സാധനങ്ങൾ എത്തിക്കുന്ന ഗ്രേറ്റ്ഷിപ് രോഹിണി കപ്പലിന്റെ എൻജിൻ റൂമിൽ ശനിയാഴ്ച രാവിലെയാണു തീ പടർന്നത്.
മുംബൈ വസായ് 100 ഫീറ്റ് റോഡ് വിശ്വകർമ നഗർ ഫെയ്സ് ടു ബിൽഡിങ് മൂന്നിൽ താമസിക്കുന്ന അങ്കമാലി കോടുശേരി തെക്കൻ വാഴക്കാല ആന്റണിയുടെ മകൻ അനിത് ആന്റണിയും, മഹാരാഷ്ട്ര സ്വദേശികളായ 2 പേരുമാണു മരിച്ചത്. ദക്ഷിണ മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് അപകടം. കപ്പലിലെ 18 ജീവനക്കാരിൽ 15 പേരെ തീരദേശ സേന രക്ഷിച്ചു.
മൃതദേഹങ്ങൾ ജെജെ ആശുപത്രിയിലെത്തിച്ച് ഡിഎൻഎ പരിശോധനയും പൊലീസ് നടപടികളും പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഡിസംബർ 12നാണ് അനിത് കപ്പലിൽ ജോലിക്കു കയറിയത്.പിതാവ് ആന്റണി മുംബൈ മസഗോൺ ഡോക് മുൻ ഉദ്യോഗസ്ഥനാണ്. അനിതയാണ് മാതാവ്. സഹോദരൻ: അങ്കിത്.