അസമിലെ നദിയില്‍ വന്‍ തീപിടിത്തം; വീഡിയോ

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ വന്‍ തീപിടിത്തം. നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. പ്രദേശത്ത് ദിവസങ്ങളായി വന്‍ തീജ്വാലകള്‍ ഉയരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ദുലിയാജന്‍ പ്ലാന്റില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കടന്നുപോകുന്ന നദിയുമായി ബന്ധിപ്പിച്ച പൈപ്പിലാണ് സ്‌ഫോടനമുണ്ടായതെന്നും തുടര്‍ന്നാണ് വന്‍ അഗ്‌നിബാധയുണ്ടായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നദിയില്‍ പരന്ന എണ്ണയില്‍ ആരോ തീയിട്ടതാണെന്നും ഗ്രാമവാസികള്‍ സംശയിക്കുന്നുണ്ട്.

മൂന്ന് ദിവസം മുമ്പ് ഗ്രാമവാസികള്‍ നദിയില്‍ തീപിടിത്തമുണ്ടായതായി പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അധികൃതര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. തീപിടിത്തം നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News