കുളച്ചല്‍: പ്രസിദ്ധമായ കന്യാകുമാരി മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞശേഷമാണ് തീപിടിത്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു.
തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ലോക്ഡൗണ്‍ ആയതിനാല്‍ ഭക്തര്‍ എത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍ നിന്നോ കര്‍പൂരത്തില്‍ നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കുളച്ചല്‍ എഎസ്പി വിശ്വശാസ്ത്രി പറഞ്ഞു. തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടര്‍ അരവിന്ദ് എന്നിവര്‍ ക്ഷേത്രത്തിലെത്തി.