കൊവിഡ് രോഗി മരിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം, 24 പേര്‍ അറസ്റ്റില്‍
ഗുവാഹത്തി: ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദം. രോഗികളുടെ ബന്ധുക്കളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഗുവാഹത്തിയില്‍ നിന്നു 140 കിലോമീറ്റര്‍ അകലെ ഹോജയിലാണ് സംഭവം. ഡോക്ടറെ തൊഴിക്കുകയും അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടുകയും ചുടുകട്ടകള്‍ കൊണ്ട് ഇടിക്കുകയും ദണ്ഡുകള്‍ കൊണ്ട് അടിക്കുകയും ചെയ്തു.
ഓക്സിജന്‍ ക്ഷാമമാണ് രോഗി മരിക്കാന്‍ കാരണമെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ ഡോക്ടറെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മര്‍ദ്ദനത്തിന്റെ ഭീകരദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് നടപടി സ്വീകരിച്ചു. രാത്രിയില്‍ തന്നെ 24 പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഉദാലി മോഡല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച ഈ ഭീകരസംഭവം അരങ്ങേറിയത്. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഡോ.സേയുജ് കുമാര്‍ സേനാപതിക്കാണ് മര്‍ദ്ദനമേറ്റത്.
പിപല്‍ പുഖുരി സ്വദേശിയായ ഗിയാസ് ഉദ്ദിന്‍ എന്ന രോഗിയാണ് മരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മരണം. രോഗി ഗുരുതരാവസ്ഥയിലാണെന്ന് അറ്റന്‍ഡന്റ് വന്ന് അറിയിക്കുമ്പോഴാണ് താന്‍ വാര്‍ഡിലേക്ക് ചെല്ലുന്നത്. ആ സമയം രോഗി മരണപ്പെട്ടിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെ അവര്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും ഡോ.സേനാപതി പറഞ്ഞു.
ജനക്കൂട്ടം ഡോക്ടറെ ആക്രമിച്ചതോടെ അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡോക്ടര്‍ മുറിയില്‍ കയറിയെങ്കിലും അവര്‍ പിന്നാലെയെത്തി മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ തന്റെ സ്വര്‍ണമാലയും മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നും ഡോക്ടര്‍ പറയുന്നു.
ഡോക്ടര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ ഐ.എം.എയും അസം മെഡിക്കല്‍ സര്‍വീസസ് അസോസിയേഷനും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിച്ചിരിക്കുകയാണ്.