ആലപ്പുഴ: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു വീടിന് തീ പിടിച്ചു. സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30ന് കൊറ്റംകുളങ്ങര വെളുത്തേടത്ത് കയര്‍ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്.
സിസിടിവിയുടെ മോണിറ്റര്‍ സ്ഥാപിച്ച മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ്, കംപ്യൂട്ടര്‍ തുടങ്ങിയവ കത്തി നശിച്ചു. അയല്‍വാസി പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചു. അവര്‍ എത്തിയാണ് തീ അണച്ചത്.
കംപ്യൂട്ടര്‍ റൂമില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ എച്ച്.സതീശന്റെയുംന്റെ നേതൃത്വത്തിലാണ് തീയണച്ചത്.