KeralaNews

ബ്രഹ്‌മപുരത്തെ തീപ്പിടിത്തം: പ്രദേശവാസികൾ ഞായറാഴ്ച അത്യാവശ്യത്തിനേ പുറത്തിറങ്ങാവൂ എന്ന് നിർദേശം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം. ഞായറാഴ്ച പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു എന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘തീ അണക്കാൻ ആവശ്യമായ വെള്ളമെടുക്കാൻ ശക്തിയുള്ള മോട്ടറുകൾ ആവശ്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള രണ്ട് മോട്ടറുകൾ ഇന്ന് തന്നെ ജില്ലയിൽ എത്തിക്കും. ഇതിന് പുറമെ ആവശ്യമായ ഡീസൽ പമ്പുകളും എത്തിക്കും. ഞായറാഴ്ച പകൽ സമയങ്ങളിൽ, ബ്രഹ്മപുരവും ചുറ്റുപാടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക.

അല്ലാത്തപക്ഷം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടണമെന്ന നിർദേശം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി പുറപ്പെടുവിക്കും. കടകളും സ്ഥാപനങ്ങളും അടച്ചിടാൻ കർശന നിർദേശം നൽകില്ലെങ്കിലും ഞായറാഴ്ച ആയതിനാൽ കഴിവതും അടച്ചിട്ടാൽ ആളുകൾക്ക് പുറത്തിറങ്ങേണ്ട സാഹചര്യം കുറയും. പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണം’ രേണുരാജ് അഭ്യർഥിച്ചു.

തീപിടിത്തമുള്ള പ്രദേശത്തിന് ചുറ്റുപാട് താമസിക്കുന്നവർക്കോ, ജോലി ചെയ്യുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ജനറൽ ആശുപത്രി, പി.എച്ച്.സി. ഉൾപ്പെടെയുള്ള ആശുപത്രികൾ സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ബ്രഹ്മപുരത്തിനടുത്ത് തന്നെ ഓക്സിജൻ കിയോസ്ക് സ്ഥാപിക്കാൻ നിർദേശം നൽകിയതായും കളക്ടർ കൂട്ടിച്ചേർത്തു.

നിലവിൽ തീ ആളിക്കത്തുന്നത് പൂർണമായും നിയന്ത്രിച്ചുവെന്നും മാലിന്യ കുമ്പാരത്തിന്റെ അടിയിൽ നിന്നും തീ പുകഞ്ഞ് പുറത്തേക്ക് വരുന്ന സാഹചര്യം നിലവിൽ എല്ലായിടത്തും ഉണ്ടെന്നും കളക്ടർ പറഞ്ഞു.

‘എയർഫോഴ്സിന്റെ കോയമ്പത്തൂർ സൂലൂർ സ്റ്റേഷനുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ നിയന്ത്രണവിധേയമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്’ കലക്ടർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button