തിരുവനന്തപുരം: കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അകത്തുകടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍ നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശയായ നിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസ് പാങ്ങോട് പോലീസിന് പരാതി കൈമാറി. ഇതിനുപിന്നാലെയാണ് പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കസ്റ്റഡിയിലെടുത്തത്.
യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.