കൊച്ചി:ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് അറിയിച്ച് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഫിയോക് അറിയിച്ചു.
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ക്ക് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ല.
ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.
ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.