CrimeKeralaNews

100 കോടി രൂപയുടെ തട്ടിപ്പ്,തുണയായത് സിനിമ- രാഷ്ട്രീയ ബന്ധങ്ങള്‍:പ്രവീണ്‍ റാണ കേരളം വിട്ടു

തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് പോലീസ് കേസെടുത്തതോടെ ചെയര്‍മാന്‍ കെ.പി. പ്രവീണ്‍ മുങ്ങി. ഇയാളുടെ തൃശ്ശൂരിലെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. തൃശ്ശൂര്‍ ആദം ബസാറിലെ ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് ഉള്ളില്‍ കടന്നത്.

വന്‍ പലിശ വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. കെ.പി. പ്രവീണ്‍ എന്ന പ്രവീണ്‍ റാണയ്‌ക്കെതിരേ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് 11 കേസും വെസ്റ്റ് പോലീസ് അഞ്ച് കേസും കുന്നംകുളം പോലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

48 ശതമാനംവരെ പലിശ വാഗ്ദാനം ചെയ്തും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് നിക്ഷേപം സ്വീകരിച്ചത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയേക്കുമെന്ന് പോലീസ് പറയുന്നു.

പീച്ചി സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീണ്‍ റാണയ്‌ക്കെതിരേ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂര്‍ ആദം ബസാറിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് കണ്‍സള്‍ട്ടന്റ്സില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിന് ഒരുലക്ഷം രൂപ നിക്ഷേപം വാങ്ങി.

പ്രതിമാസം 2000 രൂപ സ്‌റ്റൈപ്പന്റും കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെയെന്നുമായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്‌റ്റൈപ്പന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷത്തിന് പുറമേ രണ്ടരലക്ഷം രൂപകൂടി നല്‍കാമെന്നും പറഞ്ഞുപറ്റിച്ചെന്നാണ് പരാതി.പ്രവീണ്‍ റാണ രാജ്യം വിടാതിരിക്കാന്‍ പോലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കി.

പണമിടപാടുസ്ഥാപനം തുടങ്ങി കോടികളുടെ തട്ടിപ്പുനടത്തിയെന്ന് പോലീസ് കണ്ടെത്തിയ പ്രവീണ്‍റാണയുടെ വളര്‍ച്ച സിനിമക്കഥയെ വെല്ലുംവിധം. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ പഠനം കഴിഞ്ഞ് ചെറുകിട മൊബൈല്‍ റീച്ചാര്‍ജ് സ്ഥാപനം നടത്തിയ പ്രവീണ്‍ പിന്നീട് പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന വ്യാപാരത്തിലേക്ക് കടന്നു. കേരളത്തിന് പുറത്തായിരുന്നു വ്യാപാരമേഖല.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി പബ്ബുകള്‍ ആരംഭിച്ച് മദ്യവ്യാപരത്തിലേക്ക് കടന്നു. ഇതിനുള്ള അടിത്തറയെപ്പറ്റി അവിടത്തെ സര്‍ക്കാരുകള്‍ അന്വേഷിച്ചുതുടങ്ങിയതോടെ പ്രവര്‍ത്തനമേഖല കേരളത്തിലാക്കി. തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷിയെ കൂട്ടുപിടിച്ച് തൃശ്ശൂരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വന്‍ പരാജയമായിരുന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് കെട്ടിവെച്ച തുകയും നഷ്ടപ്പെട്ടു.

2020-ല്‍ അനന്‍ എന്ന സിനിമ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. ഇത് വന്‍ പരാജയമായിരുന്നു. തുടര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതി അഭിനയിച്ച് പുറത്തിറങ്ങിയ ചോരന്‍ സിനിമയും വന്‍ പരാജയമായി. ഡിസംബര്‍ 16-നായിരുന്നു കേരളത്തിലെ 100-ല്‍പ്പരം കേന്ദ്രങ്ങളില്‍ റീലീസ്.

തുടര്‍ന്ന് പേരിനോടൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് പ്രചോദനപ്രഭാഷകനായി. ജീവിതവിജയകഥകള്‍ ഒരു ചാനല്‍ 100 എപ്പിസോഡായി സംപ്രേഷണം ചെയ്തു. ഇത് ജനങ്ങളുടെ വിശ്വാസം നേടുന്നതിന് കാരണമായി.

ഇതിനിടെ കേരളത്തില്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനി ആരംഭിച്ചു. സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് സ്ഥാപനത്തിലേക്ക് നൂറുകണക്കിന് ഇടപാടുകാരെ ആകര്‍ഷിച്ചത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തരശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍റാണ ഉന്നതവ്യക്തികളുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്.

2029-നുളളില്‍ ഇന്ത്യയിലെ ഒന്നാംനമ്പര്‍ വ്യവസായിയായി മാറുമെന്നും അതിന്റെ പ്രയോജനം നിക്ഷേപര്‍ക്കുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. പ്രവീണ്‍റാണയെ വിശ്വപൗരനായി അവതരിപ്പിക്കാന്‍ പണം നല്‍കി ചെറുപ്പക്കാരെ ഇറക്കി പ്രവീണ്‍റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തിച്ചു. അത്യാഡംബര വാഹനങ്ങളില്‍ മിന്നിമറഞ്ഞ റാണ നിക്ഷേപകര്‍ക്കുമുന്നില്‍ സൂപ്പര്‍താരമായി.

നിധി കമ്പനിയില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ കിട്ടുമ്പോള്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരില്‍ നിക്ഷേപകരുമായി കരാര്‍ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുള്ള ആസൂത്രിതനീക്കം.

സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിടി വീണതോടെ തന്ത്രം മാറ്റിപ്പിടിച്ച് സേഫ് ആന്‍ഡ് സ്‌ട്രോങ് കള്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന സ്ഥാപനമുണ്ടാക്കി. 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കിയ പട്ടികയില്‍ 306-ാമത് ആണ് സേഫ് ആന്‍ഡ് സ്‌ട്രോങ്. അക്കാര്യം മറച്ചുവെച്ചാണ് ബിസിനസ് തുടര്‍ന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 3,250 രൂപ റിട്ടേണ്‍ നല്‍കും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് പ്രതിവര്‍ഷം 39,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ ആയ സാന്‍റോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരാണ്. റാണയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഇതുവരെ തടയിട്ടത് ഇവരുടെ സ്വാധീനത്തിലെന്നാണ് ഉയരുന്ന ആക്ഷേപം.

പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് വകചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രവീണ്‍ റാണയുടെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു. റാണയ്ക്കെതിരെ കൂട്ടപ്പരാതികളെത്തും വരെ പൊലീസ് അനങ്ങിയിരുന്നില്ല. അടുത്തിടെ റാണ നായകനായ ചോരന്‍ എന്ന സിനിമ പുറത്തുവന്നിരുന്നത്. അത് സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ എസ്പിയുടെ ഓഫീസിലെ എഎസ്ഐയായിരുന്ന സാന്‍റോ തട്ടിലെന്ന സാന്‍റോ അന്തിക്കാടായിരുന്നു. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്നും സാന്‍റോയെ വലപ്പാടേക്ക് മാറ്റി. സ്പെഷ്യല്‍ ബ്രാ‍ഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker