കൊച്ചി:ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന താരമാണ് മോഹൻലാല്‍ എന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. ആദ്യമായി മലയാളത്തില്‍ നിന്നുള്ള 50 കോടി ക്ലബ് മോഹൻലാല്‍ നായകനായ ദൃശ്യമാണ്. മലയാളത്തില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബ് മോഹൻലാല്‍ നായകനായ പുലിമുരുകനുമാണ്. എന്നാല്‍ നിലവില്‍ മോഹൻലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബോക്സ് ഓഫീസ് ടോപ് ത്രീയില്‍ നിന്ന് പുറത്തായി എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
മലയാളത്തില്‍ നിന്ന് എക്കാലത്തെയും ഉയര്‍ന്ന കളക്ഷൻ കണക്കുകളില്‍ മൂന്നാം സ്ഥാനത്ത് മോഹൻലാല്‍ കഥാപാത്രമായ പുലിമുരുകനായിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ആടുജീവിതം 140 കോടി രൂപയിലേറെ നേടി പുലിമുരുകനെ പിന്നിലാക്കുകയായിരുന്നു. ഇതോടെ മൂന്നാം സ്ഥാനവും മലയാളത്തിന്റെ കളക്ഷനില്‍ മോഹൻലാലിന് നഷ്‍ടമായി. വര്‍ഷങ്ങളായി മോഹൻലാലിന്റെ പേരിലുണ്ടായിരുന്ന നേട്ടങ്ങളാണ് കളക്ഷനില്‍ പൃഥ്വിരാജടക്കമുള്ളവര്‍ മറികടന്നിരിക്കുന്നത്.
സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ കളക്ഷനില്‍ ഇങ്ങനെ മോഹൻലാല്‍ നാലാമാതാകുന്നത് 1987ന് ശേഷം ആണ്. കോടിക്കിലുക്കത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ ഒരു സിനിമയുടെ വിജയം നിര്‍ണയിക്കുന്ന കാലത്തിനു മുന്നേയും മോഹൻലാല്‍ ബോക്സ് ഓഫീസില്‍ പണം വാരാറുണ്ടായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളില്‍ മുൻനിരയില്‍ ഉണ്ടാകാറുണ്ടായിരുന്നു. മോഹൻലാല്‍ നായകനായവ കൂടുതല്‍ ദിവസങ്ങളില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലും ഒട്ടേറെ റെക്കോര്‍ഡുകളിട്ടിരുന്നു.
നിലവില്‍ മലയാളത്തില്‍ നിന്നുള്ളവയില്‍ ആഗോള കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‍സാണ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 250 കോടി രൂപയിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത് ടൊവിനോയുടെ 2018ഉം ആണ്. മലയാളത്തില്‍ നിന്നുള്ള 2018, 176 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.