36.9 C
Kottayam
Thursday, May 2, 2024

നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Must read

കോഴിക്കോട്: രാഹുൽ ഗാന്ധിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി പിണറായി വിജയൻ. നേരത്തെ നിങ്ങൾക്കൊരു പേരുണ്ടെന്നും ആ രീതിയിൽ നിന്നും നിങ്ങൾ മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. യാത്രക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയിപ്പിക്കരുത്.

ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടേണ്ട. നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്. സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു.
എന്ത് കൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല എന്നാണ് രാഹുലിന്‍റെ ചോദ്യം.

ജയിലും അന്വേഷണ ഏജൻസികളയും വെച്ച് ഞങ്ങളെ വിരട്ടണ്ട. നിങ്ങൾക്ക് മാറ്റം വന്നു എന്നാണ് നിങ്ങളുടെ അനുയായികൾ പറയുന്നത്. എന്നാൽ ഒരു മാറ്റവും ഇല്ല എന്ന് മറ്റുള്ളവർ പറയുന്നു എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. രാഹുൽ ഗാന്ധി നിങ്ങൾ നടത്തിയ യാത്രയിൽ നിങ്ങൾ സംസാരിക്കാൻ ഒഴിവാക്കിയ ഒരേയൊരു വിഷയം പൗരത്വ ഭേദഗതിയാണ്. വയനാട്ടിൽ പത്രിക കൊടുക്കാൻ വന്നപ്പോഴും പറഞ്ഞില്ല. എന്താണ് അതിനിത്ര മടി. അതാണ്‌ നിങ്ങൾക്ക് എതിരെ ഉയർത്തിയ വിമർശനം.


രാഹുൽ ഗാന്ധി നിങ്ങൾക്ക് എങ്ങനെ സംഘപരിവാർ മനസ് വരുന്നുവെന്നും പിണറായി ചോദിച്ചു. ഇവിടെ മാത്രം ആണോ നിങ്ങൾ ഇത് കാണിച്ചത്? ജമ്മുകശ്മീർ പദവി റദ്ദു ചെയ്തപ്പോഴും നിങ്ങൾ ഒന്നും പറഞ്ഞില്ല. സഭയിലും പുറത്തും ഉയർന്നില്ല. രഹസ്യമായി ബിജെപിയെ അഭിനന്ദിച്ച എത്ര കോൺഗ്രസ്‌ നേതാക്കൾ ഉണ്ട്? രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളത്?. കേരളത്തിൽ നിന്നും പോയ 18 പേരും എവിടെയെങ്കിലും ഉണ്ടായിരുന്നോ?. ഇപ്പോൾ പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല. 5 വർഷം എന്ത് ചെയ്തുവെന്ന് പറയണം.

യുഎപിഎയെ കൂടുതൽ കരിനിയമം ആക്കാൻ ബിജെപി ശ്രമിച്ചപ്പോൾ നിങ്ങൾ ബിജെപിക്കൊപ്പം നിന്നു. കേരളത്തിന് അർഹത ഉള്ളത് നിഷേധിക്കപെട്ടപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ശബ്‌ദിച്ചോ? സംയുക്ത പ്രതിഷേധതിന് കേരളത്തിലെ കോൺഗ്രസിനെ ക്ഷണിച്ചിരുന്നല്ലോ.നിങ്ങൾ കേന്ദ്രം ഗവണ്മെന്‍റിനെ ചാരി ആല്ലേ നിന്നത്. രാഹുൽ ഗാന്ധി നിങ്ങൾക്ക് അതിൽ ഉത്തരവാദിത്വം ഇല്ലേ?


എന്താണ് ബിജെപി സർക്കാറിനോട് നിങ്ങൾക്ക് ഇത്ര ബാധ്യത. എനിക്കെതിരെ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല. അർഹതപ്പെട്ട പണം ആണ് കേരളത്തിന്‌ ലഭിച്ചത്. സുപ്രീം കോടതി വിധി കോൺഗ്രസിന്‍റെ മുഖത്തേറ്റ അടിയാണ്.കേരള വിരുദ്ധ സമീപനം സ്വീകരിച്ചവർക്കെതിരെ കടുത്ത വികാരം കേരളത്തിൽ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ചോദിച്ചിരുന്നു.  അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്.

ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ  ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജൻസികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് പിണറായി വിജയൻ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week