സിനിമാ സഹസംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി:മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ.33 വയസായിരുന്നു
‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍.ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിക്കു ശേഷമാണ് രാഹുലിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റിലയിലെ ഒരു ഫ്ലാറ്റിൽ ഷൂട്ടിങ്ങിനു ശേഷം സിനിമാ പ്രവർത്തകർ മുറികളിലേക്കു പോയിരുന്നു. ഒപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് പുക വലിക്കാനായി പുറത്തേക്കു പോകുമ്പോൾ രാഹുൽ ആരോടോ ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടിരുന്നു. തിരിച്ചെത്തി കതകു തുറക്കുമ്പോൾ അകത്തുനിന്നു പൂട്ടിയിരിക്കുന്നതാണു കണ്ടത്.
കുറെ നേരം മുട്ടിയിട്ടും തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. അവരെത്തി മുറി തുറക്കുമ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ കയർ മുറിച്ച് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)