ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ 15 മുന്‍ എം.എല്‍.എമാരും ഒരു മുന്‍ എം.പിയുമടക്കം നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളാണ് ഇന്ന് (ബുധനാഴ്ച) ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍.മുരുഗന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാന്‍പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നിരിക്കുന്നതെന്നും അനുഭവ സമ്പത്തുള്ളവരാണ് ഇവരെന്നും തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട് ബി.ജെ.പിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നത് തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രിയുടെ ജനകീയതയ്ക്ക് തെളിവാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.