കൊച്ചി:ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ എറണാകുളം ജില്ലയിൽ ഡെങ്കി പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം കൂടി വരുന്നുണ്ട്.വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
ജില്ലയിൽ കൊച്ചിൻ കോർപ്പറേഷനിലാണ് കൂടുതൽ രോഗബാധിതർ. ഡിവിഷൻ നമ്പർ 31,32 കലൂർ,മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല, കൂത്തപ്പാടി മുതലായ പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നഗരസഭ പ്രദേശങ്ങളിലും ഡെങ്കിപനി ബാധിതർ കൂടുതലാണ്.
ജനപ്രതിനിധികളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകർ,വിവിധ വകുപ്പുകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുജനങ്ങളുടെ പൂർണ്ണമായ പങ്കാളിത്തത്തോടെയുയും മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാവുകയുള്ളു. ജില്ലയിൽ ഡെങ്കിബാധിതപ്രദേശങ്ങളിൽ കൂടുതലായും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലും വീടുകളിൽ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ എന്നിവയാണ് ഉറവിടങ്ങളായി കാണുന്നത്.
കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കിക്കൊണ്ട് എല്ലാ ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം.
വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്.
അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയര്‍കട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിര്‍മ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയില്‍ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ഡോക്ടറുടെ ചികിത്സ തേടേണ്ടതും മലിനജലമോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളും തൊഴിൽപശ്ചാത്തലവും ഡോക്ടറോട് നിർബന്ധമായും തുറന്ന് പറയേണ്ടതാണ്.ശരിയായ രോഗനിർണ്ണയവും ചികിത്സയും വൈകുന്നത് എലിപ്പനി ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമാകുന്നു.