32.3 C
Kottayam
Monday, April 29, 2024

മഴക്കളിയിൽ മുംബൈ നേടി, സച്ചിനും സഞ്ജുവും തിളങ്ങിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

Must read

മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റെില്‍ കേരളത്തിന് ആദ്യ തോല്‍വി. മുംബൈ ആണ് കേരളത്തെ എട്ടു വിക്കറ്റിന് തകര്‍ത്തത്. സച്ചിന്‍ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 24.2 ഓവറില്‍ 160-2ല്‍ നില്‍ക്കെ മഴമൂലം കളി തടസപ്പെട്ടതിനെത്തുടര്‍ന്ന് വിജെഡി മഴ നിയമമനുസരിച്ച് മുംബൈയെ വിജയികളായി പ്രഖ്യാപിച്ചു.

അങ്ക്റിഷ് രഘുവംശിയുടെ അര്‍ധസെഞ്ചുറിയും(47പന്തില്‍ 57), ജേ ബിസ്ത(30), സുവേദ് പാര്‍ക്കര്‍(27), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(20 പന്തില്‍ 34) എന്നിവരുടെ ബാറ്റിംഗ് കരുത്തുമാണ് മുംബൈക്ക് ജയമൊരുക്കിയത്. സ്കോര്‍ കേരളം 49.1 ഓവറില്‍ 230ന് ഓള്‍ ഔട്ട്, മുംബൈ 24.2 ഓവറില്‍ 160-2.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1) എന്നിവര്‍ തുടക്കത്തിലെ മടങ്ങിയതോടെ രണ്ടിന് 12 എന്ന നിലയിലായി കേരളം.

പിന്നാലെ മൂന്നാം വിക്കറ്റില്‍ 126 റണ്‍സ് കൂട്ടിചേര്‍ത്ത് സഞ്ജു സാംസണ്‍ – സച്ചിന്‍ ബേബി സഖ്യം കേരളത്തെ കരകയറ്റി. 83 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവിനെ തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് കൂടുകെട്ട് പൊളിച്ചത് കേരളത്തിന് തിരിച്ചടിയായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. വിഷ്ണു വിനോദ് (20), അബ്ദുള്‍ ബാസിത് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വിഷ്ണു മോഹിത്തിന് വിക്കറ്റ് നല്‍കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ, ബാസിതിനെ അവസ്തി മടക്കി. അഖില്‍ സ്‌കറിയ (6), ശ്രേയസ് ഗോപാല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി.

ഇതിനിടെ സച്ചിന്‍ ബേബി സെഞ്ചുറി പൂര്‍ത്തിയാക്കി. വൈകാതെ പുറത്താവുകയും ചെയ്തു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പി (2), അഖിന്‍ സത്താര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബേസില്‍ എന്‍ പി (4) പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ കേരളം മൂന്ന് വിക്കറ്റിന് തകര്‍ത്തിരുന്നു. രണ്ട് കളികളില്‍ ഒരു ജയവുമായി ഗ്രൂപ്പ് എയില്‍ ആറാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള മുംബൈയാണ് ഒന്നാമത്. ഒഡിഷ, സൗരാഷ്ട്ര, റെയില്‍വേസ്,  ത്രിപുര ടീമുകള്‍ക്കും രണ്ട് പോയന്‍റ് വീതമാണെങ്കിലും റണ്‍റേറ്റില്‍ കേരളത്തെക്കാള്‍ മുന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week