കൊച്ചി:മലയാളസിനിമകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധവുമായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയൻ. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടിയാണ്. പരിഹാരമില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു.
രണ്ടുദിവസങ്ങൾക്കുമുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും നിർത്താൻ പി.വി.ആർ തിയേറ്റർ ശൃംഖല തീരുമാനിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണിത്. ചിത്രീകരണം പൂർത്തിയായ മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്റിറിംഗ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് കമ്പനികളായിരുന്നു. ഇവർ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് മലയാള സിനിമയിലെ നിർമാതാക്കൾ പരാതിപ്പെട്ടിരുന്നു.
തിയേറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയേറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയേറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നത്. തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമാതാക്കൾ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്.
ഡിജിറ്റൽ കണ്ടന്റ് പുതുതായി നിർമിക്കുന്ന തിയേറ്ററുകളിൽ ഉപയോഗിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. കൊച്ചി ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഈ കണ്ടന്റുകൾ ഉപയോഗിക്കാൻ പിവിആറിനോട് ആവശ്യപ്പെട്ടതോടെ വലിയ തർക്കമായി. പരിഹാരം കണ്ടെത്താൻ സംഘടനകൾ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.