മുണ്ടക്കയം:കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പ്രദേശത്ത് നേരിട്ട കരളലിയിക്കുന്ന അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ്. ന്യൂസ് 18 പ്രതിനിധിയായ എം.എസ്. അനീഷ്കുമാറാണ് ഭാര്യയും മക്കളും നഷ്ടമായ സിയാദിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഫെയിസ്ബുക്കില് കുറിച്ചത്.
തന്റെ കുടുംബത്തിനു മേല്‍ പതിച്ച മണ്ണിന് അടിയില്‍ ഭാര്യയും മക്കളും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാതെ നിന്ന സിയാദിനെ കാണാതെ താന്‍ മാറി നടന്നു. പിന്നീട് ഉച്ചതിരിഞ്ഞപ്പോള്‍ സിയാദിനെ കണ്ടില്ല. രണ്ടു മക്കളും ഭാര്യയുമായി സിയാദ് എപ്പോഴോ പോയിരുന്നുവെന്ന് അനീഷ് കുറിച്ചു.
കല്ലുപുരയ്ക്കല്‍ സിയാദിന്റെ ഭാര്യ ഫൗസിയ സിയാദ് (28), മക്കളായ അമീന് സിയാദ് (10), അംന സിയാദ് (7) സിയാദിന്റെ സഹോദരന് ഫൈസലിന്റെ മക്കള്‍ അഫ്സാര ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4) എന്നിവര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 7 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്
അനീഷിന്റെ പോസ്റ്റ് ഇങ്ങനെ:
കൊക്കയാറില്‍ ആദ്യ ലൈവ്’ തുടങ്ങുമ്പോള്‍ സിയാദ് അരികിലുണ്ടായിരുന്നു… അയല്‍വാസി, സിയാദിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തേക്കുറിച്ച് ലൈവില്‍ സങ്കടപ്പെട്ടു. ഭാര്യയും രണ്ടു മക്കളും മണ്ണില്‍.. ഒപ്പം സഹോദരിയുടെ രണ്ടും മക്കളും.. കനത്ത മഴ,കാല് മൂടുന്ന ചെളി, അടുത്ത വീട്ടില്‍ അല്‍പ്പ നേരം ഇരുന്നു. വീട്ടിലെ ചേച്ചി കട്ടന്‍ കാപ്പി തന്നു. കാപ്പി മൊത്തുന്നതിനിടയില്‍ സിയാദിന്റെ ചോദ്യം…. നിങ്ങള്‍ ഒരുപാട് അപകടവും ഉരുള്‍പൊട്ടലുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ അല്ലേ? ഞാന്‍ മറുപടി നല്കി ഉണ്ട്.അടുത്ത ചോദ്യം ഒരു ദിവസം കഴിഞ്ഞാലും മണ്ണില്‍ നിന്നും ജീവനോടെ ആളുകളെ കിട്ടാറില്ലേ? അയാള്‍ കാണാതെ കണ്ണു തുടച്ച് ഞാന്‍ പറഞ്ഞു… ഉണ്ട്. ഉടന്‍ അടുത്ത ചോദ്യം ഇവിടെ ഡോക്ടേഴ്സും മരുന്നുമൊക്കെ ഉണ്ടല്ലോ അല്ലേ… ഞാന്‍ പറഞ്ഞു ഉണ്ട്….. അല്ല പിള്ളാരെ എത്തിയ്ക്കുമ്പോള്‍ ചികിത്സ വൈകരുത് അവശരായിയ്ക്കും അതാണ്…. എന്റെ രണ്ടു മക്കളെയും ഞാനോര്‍ത്തു….പിന്നീട് ഉച്ചതിരിയുവോളം സിയാദിനെ കാണാതെ ഞാന്‍ മാറി നടന്നു…. ഉച്ചതിരിഞ്ഞ് അയാളെയും അവിടെ കണ്ടില്ല… രണ്ടു മക്കളും ഭാര്യയുമായി സിയാദ് എപ്പഴോ പോയിരുന്നു….
https://www.facebook.com/100001713472179/posts/4575751019158635/