മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 123 വര്‍ഷം തടവും 8.85 ലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 42 കാരനായ പിതാവിനെ മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച്‌വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.
പതിനൊന്നും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെ സംരക്ഷണ ചുമതലയുള്ള അച്ഛന്‍ സ്വന്തം വീട്ടില്‍വെച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അതിക്രമത്തിന്റെ വിവരം ഇളയ മകള്‍ അമ്മയുടെ അടുത്ത് പറയുകയായിരുന്നു. തുടര്‍ന്ന്, അതിക്രമത്തെക്കുറിച്ച് കുട്ടിയുടെ അമ്മ അംഗനവാടിയില്‍ അറിയിച്ചതിന് പിന്നാലെ അധ്യാപികമാർ പോലീസിൽ വിവരം അറിയിച്ചു.
വിവിധ വകുപ്പുകളിലായാണ് പ്രതിയെ 123 വര്‍ഷം തടവിന് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക മക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
കേസില്‍ പ്രോസിക്യുഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.