തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശിനി അര്‍ച്ചനയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മാതാപിതാക്കള്‍. ഉറുമ്പിനെ നശിപ്പിക്കാനെന്ന് പറഞ്ഞ് കുപ്പിയില്‍ ഡീസലുമായാണ് ഭര്‍ത്താവ് സുരേഷ് വീട്ടിലെത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചില ദിവസങ്ങളില്‍ മദ്യപിച്ചെത്തി സുരേഷ് പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. മകളുടേത് പ്രണയ വിവാഹമായിരുന്നു. മകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത കാര്യമായതിനാല്‍ എന്നോട് ഇക്കാര്യങ്ങളൊന്നും പറയാറില്ല. സുരേഷിന്റെ അച്ഛന്‍ പണം ചോദിച്ചിരുന്നു.
ഉറുമ്പിന്റെ പേരില്‍ ഡീസല്‍ വാങ്ങിയത് അര്‍ച്ചനയെ കൊലപ്പെടുത്താനാവണം. മകളൊരിക്കലും ആത്മഹത്യ ചെയ്യില്ല. വിവാഹത്തെ ചൊല്ലി സുരേഷിന്റെ വീട്ടില്‍ കുടുംബ വഴക്കുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തിയതാണ്. നമ്മുടെ മുന്നില്‍ സ്നേഹം അഭിനയിച്ച ശേഷമാണ് ഇത് ചെയ്തത്. തലേദിവസം സുരേഷ് വീട്ടില്‍ ഡീസല്‍ വാങ്ങിവെച്ചതില്‍ ദുരൂഹതയുണ്ടെന്നും അശോകന്‍ പറയുന്നു. സുരേഷിന്റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് 24കാരി അര്‍ച്ചനയെ തിരുവനന്തപുരം വെങ്ങാനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവളത്തെ വാടകവീട്ടിലാണ് അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും കഴിഞ്ഞിരുന്നത്. സംഭവത്തിന് ശേഷം പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട സുരേഷ് പിന്നീട് പിടിയിലായി. സുരേഷ് ഡീസലുമായി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹം.