പഠിക്കാത്തതിന് മൂന്നാം ക്ലാസുകാരന്റെ കാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: പഠിക്കാത്തതിന്റെ പേരില്‍ എട്ട് വയസുകാരനെ കാലില്‍ ചട്ടുകം വഴുപ്പിച്ച് വെച്ച് പൊള്ളിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കേതില്‍ ശ്രീകുമാറിനെ (31) ആണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 30-നാണ് സംഭവം. ശ്രീകുമാര്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ട് പുറത്തേക്കു പോയി. വൈകീട്ട് തിരികെ വന്ന് പഠിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ പഠിച്ചില്ലെന്ന് കുട്ടി പറഞ്ഞു.

തുടര്‍ന്ന് ചട്ടുകം തീയില്‍ ചൂടാക്കി കുട്ടിയുടെ കാലില്‍ വയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അമ്മ വിവരം മറ്റുള്ളവരുമായി പങ്കുവെച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈല്‍ഡ് വെല്‍ഫെയറിനെയും പോലീസിനെയും അറിയിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മുന്‍പ് മൂന്ന് തവണ ഇയാള്‍ കുട്ടിയെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. അടൂര്‍ എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News