പോളിയോ തുള്ളിമരുന്നിന് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍! 12 കുട്ടികള്‍ ആശുപത്രിയില്‍; മൂന്നു നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു
മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍. മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്‌സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പോളിയോ വാക്‌സിന്‍ സ്വീകരിക്കാന്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം ഈ കേന്ദ്രത്തില്‍ എത്തിയത്.
ഇതില്‍ പന്ത്രണ്ട് കുട്ടികള്‍ക്ക് പോളിയോ വാക്‌സിന് പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയതായാണ് സൂചന. കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ആരോഗ്യസ്ഥിതി വഷളായതിനിടെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി.
എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ആശുപത്രി ഡീന്‍ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു. ജില്ലാ കളക്ടര്‍ എം.ദേവേന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാപരിഷദ് സിഇഒ ശ്രീകൃഷ്ണ പഞ്ചല്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും മൂന്ന് നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തത്.