കൊച്ചി: മകനെ പോലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും സ്വതന്ത്ര്യ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അച്ഛന്‍ ഹൈക്കോടതിയില്‍. കോട്ടയം കുമരകത്ത് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അച്ചിനകം വാടപ്പുറത്തുംചിറ ജിജോയുടെ (27) അച്ഛന്‍ ആന്റണി ആണ് കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെടുന്നതാണ് ഹര്‍ജി. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നവംബര്‍ ഏഴിനാണ് ജിജോയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്ന് രാത്രി പോലീസുകാര്‍ ഇയാളെ പിന്തുടര്‍ന്നതിന് തെളിവുകളുണ്ട്. പോലീസുകാര്‍ മകനെ മര്‍ദിച്ച് കൊലപ്പെടുത്തി കാനയില്‍ തള്ളുകയായിരുന്നു എന്നാണ് ആന്റണിയുടെ ആരോപണം.
സംഭവ ദിവസം രാത്രിയില്‍ കുമരകം ചക്രംപടിക്കു സമീപം ജില്ലാ പോലീസ് മേധാവിയുടെ ഡ്രൈവറെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പേരില്‍ ജിജോയെ പോലീസ് പിന്തുടര്‍ന്നിരുന്നു എന്നാണ് ഹര്‍ജിയിലുള്ളത്.
8.40ന് ജിജോ ഹോട്ടലില്‍ കയറുന്നതും നാലു പോലീസുകാര്‍ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നിലുള്ള ചെറിയ കനാലിലാണ് രാത്രി 9 മണിക്ക് മൃതദേഹം കണ്ടെത്തുന്നത്. മുങ്ങി മരണമാണ് എന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിന് സാധ്യതയില്ലെന്നും കനാലിന് ഒരടി താഴ്ച മാത്രമാണ് ഉള്ളത് എന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മകനെ പിന്തുടര്‍ന്ന പൊലീസുകാരാണ് മരണത്തിന് പിന്നില്‍ എന്നാണ് ആന്റണി ആരോപിക്കുന്നത്. ഡിജിപിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.