ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മകളെ ബലാത്സംഗം ചെയ്തു കൊന്നു; പിതാവ് അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശ് ഭോപാലിലെ റാത്തിബാദില്‍ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മകളെ ബലാത്സംഗം ചെയ്തുകൊന്ന പിതാവ് അറസ്റ്റില്‍. യുവതിയുടെയും എട്ടുമാസം പ്രായമായ മകന്റെയും മൃതദേഹം സമസ്ഗഡ് വനത്തില്‍നിന്ന് കണ്ടെടുത്തു. അസുഖത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം.

ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് പിതാവുമായി ഇതിനെചൊല്ലി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകള്‍ വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല.

വിവാഹത്തിന് ശേഷം കുടുംബവുമായി അകന്ന് താമസിച്ച മകള്‍ ദീപാവലി വേളയില്‍ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച് അസുഖബാധിതനായ എട്ടുമാസം പ്രായമായ മകന്‍ മരിക്കുകയായിരുന്നു. കൊച്ചുമകന്‍ മരിച്ച വിവരം അറിയിക്കാനായി മൂത്ത സഹോദരി പിതാവിനെ വിളിച്ചു. തുടര്‍ന്ന് പിതാവും സഹോദരനും റാത്തിബാദിലെത്തി.

കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താനെന്ന പേരില്‍ പിതാവ് മകളെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം കുഞ്ഞിന്റെയും യുവതിയുടെയും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് റാത്തിബാദ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുദേശ് തിവാരി പറഞ്ഞു.

അന്വേഷണത്തില്‍ സേഹോറിലെ ബില്‍സ്ഗഞ്ച് സ്വദേശിയായ യുവതിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാരെ ചോദ്യം ചെയ്തു. യുവതിയുടെ വിവാഹത്തിന്റെ പേരില്‍ കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് ക്രൂരകൃത്യത്തിന് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News