ഓണ്‍ലൈന്‍ ഗെയിം; തൃശ്ശൂരില്‍ വീടുവിട്ടിറങ്ങിയ 14-കാരന്‍ മരിച്ചനിലയില്‍
തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തിലായിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരിൽനിന്ന് വഴക്ക് കേൾക്കുമെന്ന് ഭയന്നിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.