ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം; പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കുത്തിക്കൊലപ്പെടുത്തി. തിരുനല്‍വേലി സ്വദേശി മുരുകനാണ് ഭാര്യയ്ക്ക് വിവാഹേതര ബന്ധമുള്ളതായി സംശയിച്ച് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

മുരുകനും, ഭാര്യ ദേവികയും സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ദേവിക മുരുകന്റെ എതിര്‍പ്പ് വകവെയ്ക്കാതെ സമീപത്തെ ഹോട്ടലില്‍ ജോലിക്ക് പോകാന്‍ ആരംഭിച്ചു. രാത്രി ഇതു സംബന്ധിച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രകോപിതനായ മുരുകന്‍ സംഭവ സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശിവാനി (എട്ട്), മീന (10) എന്നീ കുട്ടികളെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന്‍ എത്തിയ ദേവികയ്ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവികയുടെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് വിവരം.

നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് ദേവികയെയും കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കുട്ടികള്‍ മരിച്ചു. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് മുരുകനെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News