സമ്പന്നനാകാന്‍ മന്ത്രവാദിനിയുടെ വാക്കുകേട്ട് മകളെ കഴുത്ത് ഞെരിച്ച് കൊന്നു; പിതാവ് അറസ്റ്റില്‍

പുതുക്കോട്ട: മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം സമ്പന്നനാകാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് കൊലപാതകം നടന്നത്. കര്‍ഷകനായ പനീര്‍സെല്‍വമാണ് 14കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ മാസം 18നാണ് സംഭവം നടന്നത്. വീടിന് സമീപത്തെ യൂകാലിപ്‌സ് തോട്ടത്തില്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് മരിച്ചു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പനീല്‍സെല്‍വം കുറ്റം സമ്മതിച്ചു. സമ്പന്നനാകാന്‍ മകളെ ബലി നല്‍കണമെന്ന് മന്ത്രവാദിനി നിര്‍ദേശിച്ചു. ഇതനുസരിച്ച് ബന്ധു രവിയുമായി ചേര്‍ന്ന് മകളെ കഴുത്തു ഞെരിച്ച് മൃതപ്രായയാക്കി യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളുമായി ചേര്‍ന്ന് മകളെ അന്വേഷിച്ചു. മകളെ കണ്ടെത്തിയപ്പോള്‍ ഒന്നും അറിയാത്ത രീതിയില്‍ അഭിനയിച്ചുവെന്നും പനീര്‍സെല്‍വം വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മന്ത്രവാദിനിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News