താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ മകളെ അച്ഛന്‍ തട്ടിക്കൊണ്ടു പോയി

ചെന്നൈ: താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത മകളെ ഗര്‍ഭിണി ആയിരിക്കെ സ്വന്തം അച്ഛന്‍ തൂവാലയില്‍ രാസവസ്തു പുരട്ടി മയക്കിയ ശേഷം തട്ടിക്കൊണ്ട് പോയി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവം അരങ്ങേറിയത്. യാദവര്‍ ജാതിയില്‍ പെട്ട ദീപിക അച്ഛന്‍ ബാലകുമാറിന്റെ എതിര്‍പ്പ് മറികടന്ന് ബലിജ നായിഡു വിഭാഗത്തില്‍പ്പെട്ട സായ്കുമാര്‍ എന്ന യുവാവിനെ ആറ് മാസം മുമ്പ് വിവാഹം ചെയ്യുകയായിരുന്നു.

ഈ ബന്ധത്തില്‍ നിന്നു മകളെ പിന്തിരിപ്പിക്കാന്‍ ബാലകുമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവാഹത്തിന് ശേഷം ദീപിക ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലേക്ക് പോയി. ഗര്‍ഭിണി ആയ ശേഷം നാട്ടില്‍ മടങ്ങി എത്തി ഭര്‍തൃമാതാവായ ഭാഗ്യലക്ഷ്മിയോടും ഭര്‍തൃ സഹോദരിയായ ദിവ്യയ്ക്കും ഒപ്പം കഴിയുകായിരുന്നു ദീപിക. ഈ വിവരം അറിഞ്ഞ റിട്ടയേര്‍ഡ് പോലീസ് കോണ്‍സ്റ്റബിള്‍ കൂടിയായ ബാലകുമാര്‍ തന്റെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി മകളോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ദീപിക ഇത് നിരസിച്ചു. ഇതോടെ കയ്യില്‍ കരുതിയിരുന്ന തൂവാലയില്‍ മയക്കുന്ന രാസവസ്തു പുരട്ടി ദീപികയെ മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നു. ഭാഗ്യലക്ഷ്മിയും ദിവ്യയും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ മകളെ തട്ടികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ച ബാലകുമാര്‍ വൈകിട്ട് ദീപികയെ തിരികെ എത്തിക്കുകയും ചെയ്തു.

ഉടന്‍തന്നെ ഭാഗ്യലക്ഷ്മിയും ദിവ്യയും ദീപികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഇവര്‍ ബാലകുമാറിനെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും, സ്ത്രീക്കെതിരെ അതിക്രമം നടത്തിയതിന് പോലീസ് ബാലകുമാറിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News