വീണ്ടും ആശങ്ക; കീം പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണു കൊവിഡ് കണ്ടെത്തിയത്. കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് ഇദ്ദേഹം കുട്ടിയെയുംകൊണ്ട് എത്തിയത്.

പരീക്ഷ തീരുന്നതുവരെ ഇയാള്‍ സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്കു സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. നേരത്തെ, തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ കരകുളം സ്വദേശിയെ ഒറ്റയ്ക്കിരുത്തിയാണു പരീക്ഷ എഴുതിച്ചത്. രോഗലക്ഷങ്ങളുണ്ടായിരുന്നതിനാലാണു പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കിയത്. എന്നാല്‍, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമാണു പരീക്ഷയെഴുതിയത്. ഈ വിദ്യാര്‍ഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണു കീം എന്‍ട്രന്‍സ് പരീക്ഷ നടന്നത്. ചില പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ രീതിയില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിനു കണ്ടാലറിയുന്ന 600 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News