അയല്‍വീട്ടില്‍ കളിക്കാന്‍ പോയി; മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ അച്ഛന്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

കൊല്ലം: മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ അച്ഛന്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. അയല്‍വീട്ടില്‍ കളിക്കാന്‍ പോയതില്‍ പ്രകോപിതനായാണ് ഇയാള്‍ മകളെ ഉപദ്രവിച്ചത്. എതിര്‍ക്കാന്‍ വന്ന വീട്ടുകാരെ മര്‍ദിക്കുകയും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കൊല്ലം അഞ്ചാലംമൂടാണ് സംഭവം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പനയം പഞ്ചായത്ത് പരിധിയിലാണ് ഇവരുടെ വീട്. ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു.

അതേസമയം പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാല്‍ മുറിവ് വ്രണമായ അവസ്ഥയിലായിരുന്നു. കുട്ടിയെ പിന്നീട് തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. അധികൃതര്‍ വിവരം അഞ്ചാലുംമൂട് പോലീസിനു കൈമാറി. തുടര്‍നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News