25.2 C
Kottayam
Sunday, May 19, 2024

ഞാന്‍ മൂന്നാമത്തെ മകളായി ജനിച്ചപ്പോള്‍ ആണ്‍കുട്ടിയാവാത്തതിനാല്‍ ഉപ്പ വീട്ടില്‍ നിന്നിറങ്ങിപ്പോയി; എങ്ങനെയാണ് സ്ത്രീകള്‍ വൈകാരികമാകാതിരിക്കുന്നത്? കുറിപ്പ് വൈറല്‍

Must read

കോട്ടയം: ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളിയെന്ന യുവതിയുടെ കൊടുംക്രൂരതയെ കുറിച്ചാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇതിനിടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വത്തേയും അടിച്ചമര്‍ത്തലുകളേയും കുറച്ചുള്ള എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഫസീല മൊയ്തുവിന്റെ കുറിപ്പ് വൈറലാകുന്നു. ഒരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ബന്ധുവിന്റെ വീട്ടില്‍ പോയപ്പോള്‍ അവര്‍ ഓലെറ്റ് ഉണ്ടാക്കി നല്‍കിയ ശേഷം മുട്ടയുടെ തോട് പൊടിച്ച് കവറിലിട്ട് ദൂരെ കൊണ്ടു പോയി കളഞ്ഞു. കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ചത് വിചിത്രമായ മറുപടിയായിരിന്നു.

 

അവിടെ അമ്മായിമ്മയുടെ അനുവാദം ഇല്ലാതെ ഓംലെറ്റ് ഉണ്ടാക്കാന്‍ പാടില്ലത്രേ. ആ കുടുംബത്തില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ അടി വസ്ത്രങ്ങള്‍ വരെ കഴുകി ഉണക്കി വെക്കുന്നവളാണ് അവരെന്ന് ഫസീല കുറിപ്പില്‍ പറയുന്നു. ആ സാഹചര്യത്തില്‍ അവരെ സമാധാനിപ്പിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്ന് ഫസീല പറയുന്നു. ഞാന്‍ മൂന്നാമത്തെ മകളായി ജനിച്ചപ്പോള്‍ ഉപ്പ പിണങ്ങി. ആണ്‍കുട്ടിയാവാത്തതിനാല്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. വേറെ വിവാഹത്തിന് ഒരുക്കം കൂട്ടി. ഉമ്മ പ്രസവിച്ച നാല്‍പ്പതിന് ഉപ്പാടെ വിവാഹനിശ്ചയം ഉറപ്പിക്കുന്ന സന്ദര്‍ഭമൊക്കെ ഉമ്മ കണ്ണീരോടെ പറയുന്നത് ഞാന്‍ പലപ്പോഴായി കേട്ടിരുന്നിട്ടുണ്ടെന്നും ഫസീല കുറിപ്പില്‍ പറയുന്നു.

 

ഫസീലയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

അടുത്തിടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി. അവരെനിക്ക് ഓംലെറ്റ് ഉണ്ടാക്കി സല്‍ക്കരിച്ചു. അവരും കഴിച്ചു. കുറച്ചു കഴിഞ്ഞ് അവരെ കാണാനില്ല. നോക്കുമ്പോള്‍ ഓംലെറ്റ് ഉണ്ടാക്കിയ മുട്ടയുടെ തോട് പൊടിച്ച് കവറിലിട്ട് ദൂരേ കൊണ്ടുപോയി കളയുകയാണ്. എന്തിനാണ് ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അമ്മായിയമ്മയുടെ അറിവില്ലാതെ ഓംലെറ്റൊന്നും ഉണ്ടാക്കാന്‍ പാടില്ലാത്രേ. അറിഞ്ഞാല്‍ സീനാവുമത്രേ.ഒരു കുടുംബത്തിന് രാപ്പകല്‍ പണിയെടുക്കുന്നവരാണ്. ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ അടി വസ്ത്രങ്ങള്‍ വരെ കഴുകി ഉണക്കി വെക്കുന്നവളാണ്. ആ വീട്ടില്‍ ഉള്ളുനിറഞ്ഞൊന്ന് തിന്നാനും കുടിക്കാനും പേടിക്കേണ്ട സ്ഥിതി ഈ ലോകത്ത് മറ്റെന്തിനേക്കാളും ഭീകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒന്നുമില്ല, ഒരു നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു. സമാധാനിപ്പിക്കാനോ മറ്റോ ഒന്നും എന്റെ കയ്യില്‍ വാക്കുകളില്ലാര്‍ന്നു. ഞാന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നിസ്സാഹയയാണ്. ഒന്നു ചേര്‍ത്തുനിര്‍ത്താനോ കെട്ടിപ്പിടിക്കാനോ പോലും എനിക്ക് കഴിയാറില്ല ആരേയും. എന്റെയുള്ളിലെ ധാര്‍മ്മികരോഷവും മറ്റുമെല്ലാം കെട്ടടങ്ങി ഞാന്‍ പരാജിതയായ ഒരു സ്ത്രീയായി മാത്രം മാറുകയായിരുന്നു. ചുറ്റിലുും സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. ഞാന്‍ മൂന്നാമത്തെ മകളായി ജനിച്ചപ്പോള്‍ ഉപ്പ പിണങ്ങി. ആണ്‍കുട്ടിയാവാത്തതിനാല്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. വേറെ വിവാഹത്തിന് ഒരുക്കം കൂട്ടി. ഉമ്മ പ്രസവിച്ച നാല്‍പ്പതിന് ഉപ്പാടെ വിവാഹനിശ്ചയം ഉറപ്പിക്കുന്ന സന്ദര്‍ഭമൊക്കെ ഉമ്മ കണ്ണീരോടെ പറയുന്നത് ഞാന്‍ പലപ്പോഴായി കേട്ടിരുന്നിട്ടുണ്ട്. പിന്നെയും ആ ബന്ധത്തില്‍ ഉമ്മാക്ക് രണ്ടു പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും പിറന്നു. സഹിച്ചു. പൊറുത്തു. സ്ട്രക്ചര്‍ നില നിര്‍ത്തി. നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കുമൊക്കെ ഉമ്മ സഹനത്തിന്റെ പ്രതീകമായി. ആമിനക്കുട്ടി നല്ലോളാണ്. അവളാ മക്കളെ വളര്‍ത്തിയത് കണ്ണീരഞ്ചും കുടിച്ചാണെന്ന് പറയുമ്പോള്‍ അവരും കണ്ണ് നിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വെറുതെ ഞാനോരോന്ന് ഓര്‍ത്തു പോയതാണ്. സ്ത്രീകളെക്കുറിച്ച്. ഈ ലോകത്ത്, അല്ലെങ്കില്‍ എന്റെ ലോകത്ത് ഞാനനേകം സ്ത്രീകളെ കണ്ടു. വിവാഹിതരായവരേയും അല്ലാത്തവരേയും കണ്ടു. വിവാഹം ആലോചിച്ച് വന്ന ചെക്കന്‍ കുടക്കാല് കുത്തി ഉമ്മറപ്പടി ഇറങ്ങിപ്പോയ സീന്‍ പറഞ്ഞ് ഇന്നും ഞങ്ങളും അമ്മായിയും ചിരിക്കാറുണ്ട്. പുരികം പോലും നരച്ചുതുടങ്ങിയ അയാളുടെ മുന്നില്‍ പോയി നില്‍ക്കുമ്പോള്‍ മാറത്തേക്ക് ഷാള് വലിച്ചിട്ട് വല്ലിപ്പ കാണാന്‍ വന്നതാണെന്ന ഭാവമായിരുന്നു തനിക്കെന്ന് പറഞ്ഞപ്പോള്‍ ഞാനീ സമുദായത്തെ വെറുത്തുപോയി. അങ്ങനെ അങ്ങനെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഭാര്യയായവരേയും അമ്മയായവരേയും അമ്മായിയമ്മ ആയവരേയും ഞാന്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്, തിരിച്ചറിഞ്ഞിട്ടുണ്ട്. എവിടേയും അവര്‍ നീതിലഭിച്ച് ജീവിക്കുന്നവരായി അനുഭവപ്പെട്ടിട്ടില്ല. അവര്‍ക്കൊക്കെ നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍ എനിക്കും നീതി ലഭിച്ചിട്ടില്ല പലയിടങ്ങളില്‍ നിന്നും. പക്ഷേ ആ നീതിയൊന്നും എന്റെ ഉറക്കം കെടുത്തിയിട്ടില്ല. കിട്ടിയില്ലെങ്കില്‍ പോട്ടെ എന്ന മട്ടില്‍ അതൊക്കെ അര്‍ഹിക്കുന്നതിനേക്കാള്‍ അവഗണനയോടെ ഞാന്‍ തള്ളിയിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ ഈ സ്ട്രക്ച്ചറുകള്‍ നിലനിര്‍ത്തുന്നതിന് സ്ത്രീകളുടെ സഹനത്തിന്റെ വില വാക്കുകളില്‍ തീരാത്തതാണ്. എന്നുമുതല്‍ ഇതൊന്നും സഹിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ അന്നുമുതല്‍ ഈ സ്ട്രക്ച്ചറുകള്‍ നിലം പൊത്തുമെന്നുറപ്പാണ്. സ്ത്രീ സുഹൃത്തുക്കള്‍ വളരെ കുറവാണ്. പലപ്പോഴായി ഞാനതിനെ കുറിച്ച് ചിന്തിക്കാറുണ്ട്. വൈകാരികമാണ് സ്ത്രീസൗഹൃദങ്ങള്‍. ഏറെ വൈകാരികമായ ഒരാളാണ് ഞാന്‍. എന്റെ വൈകാരികതകളിലേക്ക് ഒരിക്കലും അതിനേക്കാള്‍ വൈകാരികമായ ഒരു ബന്ധവും കൊണ്ടുവരുവാന്‍ എനിക്കിഷ്ടമില്ലെന്നത് സത്യമാണ്. അതുകൊണ്ടാണ് സ്ത്രീ സൗഹൃദങ്ങള്‍ ഉണ്ടാവാത്തതിന് കാരണമെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷേ ഇപ്പോള്‍ ആലോചിക്കുകയാണ്. എങ്ങനെയാണ് സ്ത്രീകള്‍ വൈകാരികമാകാതിരിക്കുന്നത്? ഓരോ സ്ത്രീയേയും കേട്ടാലറിയാം, അവരീ ജന്‍മം ജീവിക്കാനെടുക്കുന്ന യാതനകള്‍. അവരെ അറിഞ്ഞാലറിയാം തിന്നുതീര്‍ക്കുന്ന ദുരിതങ്ങള്‍. അതുകൊണ്ടു തന്നെ ഞാനവരെ കേട്ടാലും സഹതപിച്ച് സഹതപിച്ച് മരിച്ചുവീഴുകയേ ഉള്ളൂ.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week