അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയതിന് തീവ്രവലതുപക്ഷ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗിർ സോമനാഥ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഉനയിൽ രാമനവമി ആഘോഷത്തിനിടെ ഇവർ നടത്തിയ വിദ്വേഷ പ്രസംഗം ഏറെ പ്രതിഷേധമുയർത്തിയിരുന്നു.
തുടർന്ന് പൊലീസ് കേസെടുക്കുകയും കാജൽ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ഒടുവിൽ ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്ന് സംഘടിപ്പിച്ച രാമനവമി പരിപാടിയിലായിരുന്നു കാജലിന്‍റെ വിദ്വേഷ പ്രസംഗം. ‘നിങ്ങൾ ഹിന്ദു പുരുഷൻമാരെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹ പത്നിമാരുണ്ടാകില്ല. നിങ്ങൾ കുട്ടികളെ ഉൽപാദിപ്പിക്കുന്ന യന്ത്രങ്ങളാകില്ല.
നിങ്ങളുടെ കുട്ടികളെ ആരും തീവ്രവാദികൾ എന്ന് വിളിക്കുകയില്ല. നിങ്ങളെ ഹിന്ദു ആണുങ്ങൾ സംരക്ഷിക്കും. നിങ്ങളോട് ആരും അവിഹിതത്തിന് വരില്ല. നിങ്ങൾ ഹിന്ദുവായാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. 45 ഡിഗ്രി ചൂടിൽ നിങ്ങൾക്ക് ബുർഖ ഇടേണ്ടിവരില്ല’ -എന്നിങ്ങനെയായിരുന്നു പ്രസംഗം.
കാജൽ ഹിന്ദുസ്ഥാനിയെ കൂടാതെ, കലാപം ഉണ്ടാക്കിയതിന് 76 പേർക്കെതിരെയും പേര് വെളിപ്പെടുത്താത്ത 200 പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കാജലിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. വഴിയാത്രക്കാർക്കും നേരെ കല്ലെറിയുകയും അക്രമണമുണ്ടാകുകയും ചെയ്തു.
ജനക്കൂട്ടം വാഹനങ്ങളും തകർത്തു. താനൊരു സംരംഭകയും സാമൂഹിക പ്രവർത്തകയുമാണെന്ന് കാജൽ ഹിന്ദുസ്ഥാനി അവകാശപ്പെടുന്നു. ട്വിറ്ററിൽ 86000 ഫോളോവേഴ്‌സ് ഉണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോട്ടയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കുവേണ്ടി കാജൽ പ്രചാരണം നടത്തിയതായി റിപ്പോർട്ടുണ്ട്.