30 C
Kottayam
Sunday, June 2, 2024

‘ഡിഗ്രി സർട്ടിഫിക്കറ്റാണോ ഇപ്പോഴത്തെ മുഖ്യ പ്രശ്നം’; പ്രതിപക്ഷനിരയിൽ വീണ്ടും കല്ലുകടിയായി ശരദ് പവാർ

Must read

മുംബൈ: പ്രതിപക്ഷ പാർട്ടി നിരയിൽ വീണ്ടും വേറിട്ട ശബ്ദമായി എൻ.സി.പി. നേതാവ് ശരദ് പവാർ. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയെ തള്ളി രംഗത്തെത്തിയ പവാർ, പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉന്നയിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിലും എതിർ ശബ്ദമാകുകയാണ്. ബിരുദ സർട്ടിഫിക്കറ്റുകളല്ല യഥാർഥ പ്രശ്നമെന്നും രാജ്യം നേരിടുന്ന സുപ്രധാനമായ പല വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എൻ.സി.പി. നേതാവും പ്രതിപക്ഷ പാർട്ടി നിരയിലെ മുതിർന്ന നേതാവുമായ ശരദ് പവാർ പറഞ്ഞു.

‘നിങ്ങളുടെ ബിരുദം ഏതാണ്, നിങ്ങളുടെ ബിരുദം ഏതാണ് എന്ന ചോദ്യമാണ് ഇപ്പോൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങി നിരവധി കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കൂ. മതം, ജാതി അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്നത്, മഹാരാഷ്ട്രയിൽ കാലംതെറ്റി പെയ്ത മഴയിൽ കഷ്ടപ്പെടുന്ന കർഷകർ, ഇത്തരം കാര്യങ്ങളൊക്കെ നമുക്ക് ചർച്ചചെയ്യേണ്ടതുണ്ട്’, ശരത് പവാർ പറഞ്ഞു.

പ്രതിപക്ഷ നിരയിൽ നിന്ന് ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള നിരവധി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സംശയമുയർത്തിയിരുന്നു. ഇതിനിടെ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാൻ ഏത് കോളേജിനാണ് സാധിക്കാത്തത് എന്നായിരുന്നു ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചത്.

അദാനി വിഷയത്തിൽ പ്രതിപക്ഷ നിരയിൽ ഭിന്നാഭിപ്രായം ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന മറ്റൊരു വിഷയത്തിൽനിന്നുള്ള ശരത് പവാറിന്റെ പിന്മാറ്റം. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയെ തള്ളി ഹിൻഡൻ ബർഗിനെതിരേ വിമർശനവുമായിട്ടായിരുന്നു കഴിഞ്ഞദിവസം ശരത് പവാർ രംഗത്തെത്തിയത്.

ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അദ്ദേഹം എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അദാനിക്കെതിരേ ജെ.പി.സി. അന്വേഷണം വേണമെന്ന് കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും പവാർ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week